Facebook Badge

Total Pageviews

Sunday, June 26, 2011

ഒരു പരിസ്ഥിതി ദിനം കൂടി

കുറ്റിക്കാടുകള്‍ പൊന്തകള്‍ വെട്ടി വെളുപ്പിച്ചതിലൊരു 
കുഴി കീറി തറകെട്ടി
ഭൂ മാറ് പിളര്‍ന്നു കുഴികളെടുത്തു
യന്ത്രപ്പല്ലുകള്‍ കല്ല്‌ മുറിച്ചു 
കാട്ടിലെ വന്‍ വൃക്ഷതിന്നടിവേരു കിളച്ചു 
വെണ്മഴു വീശി , ചീകിമിനുക്കി. 
കള കളമോഴുകും പുഴയുടെ അടി-
വയറുകള്‍ മാന്തി മണല് നിറച്ചു.
പാറ ഇടുക്കില്‍ വെടിമരുന്നു നിറച്ചു 
ചിന്നി ചിതറിയ മാംസം എടുത്തു. 

പടുത്തുയര്‍ത്തിയ ഹര്‍മ്യത്തിനു ചുറ്റും 
പ്ലാസ്ടികുകള്‍ പൂക്കളം തീര്‍ത്തു
അവ മണ്ണിനെ ,വേരിനെ ,ചെടിയെ 
ശ്വാസം മുട്ടിച്ചു കൊന്നു
കരിം പുകയൂതി മനുഷ്യ വേഗത ഒന്നും 
അറിയാതെ പാതകളില്‍ കുതിച്ചു പാഞ്ഞു 
സുഗന്ധ ദ്രവ്യ ഫാക്ടറിക് പുറകില്‍ 
ദുര്‍ഗന്ധം കുടിലുകെട്ടി താമസിച്ചു
രാസാഗ്നികള്‍ പുഴയില്‍ നീന്തി കുളിച്ചു.

ഉഗ്ര താപവുമായി സൂര്യന്‍ ഭൂമി യിലേക്
മനുഷ്യ നടുവിലേക്ക് ഇറങ്ങി വന്നു. 
പുകയുന്ന മണലും കരിഞ്ഞ മരങ്ങളും 
കുറെ അസ്ഥി കൂടങ്ങളും ശേഷിച്ചു 
അപ്പോഴും മണലിനുള്ളില്‍ പ്ലാസ്ടികുകള്‍ 
ഉരുകികൊണ്ടിരുന്നു പുതിയ രൂപത്തില്‍. 

   

Friday, June 24, 2011

രാധ

എഴുതി പൊലിപ്പിച്ച കവിതയ്ക്ക് മോടി കൂട്ടാന്‍
കവി രണ്ടക്ഷരം കൂട്ടിവെച്ചു. 
പ്രണയത്തിന്‍റെ വിശുദ്ധ വര്‍ഷത്തിനായ് 
അവളുടെ പ്രണയത്തെ കടമെടുത്തു. 
വിരഹ വേദന പാടിപുകഴ്ത്തുവാന്‍
രാധ എന്നൊരു പേര് ചേര്‍ത്തുവെച്ചു. 
ഒരുപാട് രാധമാര്‍ പുനര്‍ജനിച്ചു 
പലരെയും പലകുറി കണ്ടുമുട്ടി. 
സ്വപ്ന കൌമാരം മുളപോട്ടിവിരുയുന്ന
കലാലയത്തിന്റെ  ഒഴിഞ്ഞ കോണില്‍ 
പൂമര ചോട്ടിലെ ശീതളചായയില്‍
കൊഞ്ചി കുഴയുന്ന പെണ്കിടാവായ്
മൂട്ടകള്‍ രക്തമൂറ്റി കുടിക്കുന്ന ചല-
ചിത്രശാലയുടെ അരണ്ട വെളിച്ചത്തില്‍ 
ഒരു മൂലയില്‍ എട്ടുകലിവല മറനീക്കി 
അടക്കം പറയുന്ന യുവതിയായ്;
അമ്പല മുറ്റത്തെ അരയാലിന്‍ ചോട്ടിലും 
കാട്ടു പൊന്തയുടെ  കുഞ്ഞു മറയിലും
പലകുറി കണ്ടുമുട്ടുന്നു രാധയെ.

ഒടുവില്‍ ചതഞ്ഞരഞ്ഞു ഒരു കണ്ണുനീര്‍ തുള്ളിയായ് 
ജീവിതം പായുന്ന തീവണ്ടി പാതയില്‍ 
കരകവിഞ്ഞൊഴുകുന്ന കരമനയാറില്‍ 
കുളിര്‍കാറ്റു വീശാത്ത ഫാനിന്‍റെ ചോട്ടില്‍ 
കുഞ്ഞു മാവിന്‍റെ കൊച്ചു ചില്ലയില്‍ 
വീര്യം മണക്കും വിഷക്കുപ്പിയില്‍ 
ശൌര്യം എരിയുന്ന അഗ്നിനാളങ്ങളില്‍
രാധ എല്ലാം ഉപേക്ഷിച്ചു യാത്ര പോകുന്നു. 

Friday, June 17, 2011

എന്‍ന്റോ സള്‍ഫാന്‍

ഇത് പേരല്ല മരണമാണ് 
ഇത് മരുന്നല്ല ദുരന്തമാണ്
ഇതിനു ഗന്ധമുണ്ട് 
എരിയുന്ന ചന്ദന തിരിയുടെ ,
മുറി തേങ്ങയില്‍ ആളുന്ന തിരിയുടെ ,
ഒടുവില്‍ ചാണക വരളിയില്‍ 
ദാഹിക്കുന്ന മാംസത്തിന്റെ 
മനം മടുപ്പിക്കുന്ന ഗന്ധം
ഇതിനു ദാഹമുണ്ട് 
മുളപൊട്ടിയ ഭ്രൂണത്തെ കാമിക്കാന്‍ ,
വികൃത രൂപങ്ങള്‍ മെനഞ്ഞെടുക്കാന്‍ ,
കേട്ട മുത്തശ്ശി കഥകളിലെ ചോരയൂറ്റി കുടിക്കുന്ന 
സത്വത്തിന്റെ ദാഹം.
പത്ര താളുകളില്‍ ചിരിച്ചു നിന്ന് 
ലോക നേതാക്കളുടെ സ്വരമായി
കപട സ്നേഹത്തിന്റെ പല്ലുകാട്ടി 
കുത്തക മൂര്‍ച്ചകൂട്ടിയ ദംഷ്ട ഒളിപ്പിച്ച്‌
മണ്ണിനെ മനുഷ്യനെ കാര്‍ന്നു തിന്നു വിശപ്പടക്കി
ഈ കാളകൂടം കുടിച്ചിറക്കാന്‍ ഇന്ന് 
ദൈവമില്ല , മനുഷ്യര്‍ മാത്രം. 

Tuesday, June 14, 2011

മാപ്പ് നല്‍കൂ

വടക്കേ തൊടിയിലെ തേന്‍കനീ
മാമ്പഴം ഓര്‍മ്മയിലെന്നും
മധുരം വിളമ്പുന്ന
മഴക്കാല സന്ധ്യയില്‍
ഇരുന്നു ഉണ്ണുവാന്‍ മൃതശരീരത്തെ
കീറി മിനുക്കി കാലുകളില്‍ ഉറപ്പിച്ച
അച്ഛന്‍റെ തീരുമാനങ്ങളില്‍
മഹാ വൃക്ഷമേ മാപ്പ് നല്‍കൂ
പണ്ട് ഇരുള്‍ വീണു , നിലാവ്
പറക്കാത്ത രാത്രികളില്‍
നിശബ്ദതയെ കീറി മുറിച്ചും
പേടിപ്പെടുത്തിയും മൂളുന്ന മൂങ്ങകള്‍
കാഷ്ടിച്ച ശിഖരങ്ങള്‍ അമ്മയുടെ കയ്യാല്‍
അടുപ്പില്‍ ദഹിക്കവേ മാപ്പ് നല്‍കൂ
കുഞ്ഞരി പല്ലുകള്‍ തേച്ചു വെളുപ്പിച്ച
മാവിലകള്‍ പോലും ഉണങ്ങി കരിഞ്ഞു
കല്പവൃക്ഷങ്ങള്‍ക്ക് വളമായ വേളയില്‍
മാപ്പ് ചോദിക്കുന്നു ഞാന്‍.
മുന്നിലെ കൊമ്പില്‍ പറ്റി പിടിച്ചു ,
എന്നെ കൊതിപ്പിച്ചു, കരസ്പര്‍ശമേല്ക്കാത്ത
ചെറുമണി പൂവുകള്‍
ഇടയ്കിടെ വിരിയുന്ന പരാശ്രയി
ആശ്രയമില്ലാതെ ശ്വാസം നിലയ്ക്കാതെ
വാടി കിടക്കുന്ന വേളയില്‍ മാപ്പ് ചോദിക്കുന്നു ഞാന്‍
എന്‍റെ വായില്‍ നിന്നൂര്‍ന്നു വീണു
ഭ്രൂണങ്ങള്‍ മുളവെച്ചു, കുരുന്നു
തളിരുകള്‍ വിരിയിച്ചു , അനാധരായ്
നില്‍ക്കുന്ന കുഞ്ഞു
തയ് മാക്കളെ മാപ്പ് നല്‍കൂ
അടുക്കളയ്ക്കുള്ളില്‍ ഭരണിയിലടച്ചിട്ട
മരിച്ച ഭ്രൂങ്ങളെ ,
ഉപ്പു ലായിനി വീര്യം ഊറ്റികുടിച്ചു
ചുക്കി ചുളിപ്പിച്ച കണ്ണി മാകുഞ്ഞുങ്ങളെ
മാപ്പ് നല്‍കൂ 

മടക്ക യാത്ര

അറിയാത്ത ദൂരത്തു നിന്നും
കാണാത്ത ദേശത്ത് നിന്നും

മടക്ക യാത്ര തുടങ്ങി

പച്ച മാംസത്തില്‍ പച്ചിരുമ്പി ന്‍റെ
കൊള്ളിയാന്‍ എറിഞ്ഞപ്പോള്‍

ബലി മൃഗത്തിനും എനിക്കും

ഒരേ സ്വരം മാത്രം

ഇരുട്ട് ആളി കത്തുന്ന

മനസ്സിന്‍റെ അകത്തെ മുറിയില്‍

കരിം കല്ലുകള്‍ക്ക് പൂജാ പുഷ്പങ്ങളില്ല
പ്രണയത്തിന്‍റെ കുളിര്‍മ ഇല്ല

ആര്‍ത്തിരമ്പുന്ന വിജ്ഞാന ദാഹമില്ല

എല്ലാം കഴിഞ്ഞു

ഇനി മടങ്ങണം
പായല് പിടിച്ച തറയില്‍

സ്വപ്‌നങ്ങള്‍ വഴുതി വീണു

ഇനി വിശ്രമിക്കാം

മണ്ണില്‍ ഉറങ്ങുന്ന വിത്തുകള്‍

മുളപൊട്ടും വരെ

Monday, June 6, 2011

അവള്‍ വര്‍ഷമേഘം

ഞാന്‍ ആകാശത്തിലേക്ക് നോക്കി
അവിടെ മേഘങ്ങള്‍ ഉണ്ടായിരുന്നു..
കയ്യില്‍ ഇന്ദ്രധനുസ്സുമായ്‌ പെയ്യുവാന്‍ നില്‍ക്കുന്ന
തുലാവര്‍ഷ മേഘമല്ല....
മഴത്തുള്ളികളെ ഗര്‍ഭം ധരിച്ചു പെയ്യുവാനാകാതെ
നില്‍ക്കുന്ന വര്‍ഷ കാല മേഘം.
നീ ആ മുത്തുകള്‍ പൊഴിക്കുക..
ആ മഴതുള്ളി കിലുക്കം എന്റെ മനസ്സില്‍ കുളിര് നല്‍കട്ടെ.
നീ അവയെ താരാട്ടുക....
അവ എന്റെ മണ്ണില്‍ ചാല് കുത്തട്ടെ...
എന്റെ കണ്‍ പീലികള്‍ക്ക് ഇടയിലൂടെ ഊര്‍ന്നു,
കവിള്‍ തടങ്ങളെ നനയ്ക്കട്ടെ.
പുതു മണ്ണിന്റെ രൂക്ഷ ഗന്ധം
സിരകളില്‍ കാമാഗ്നി പടര്‍ത്തും ..
നാണത്തിന്റെ മുഖപടം ഒരു തേങ്ങലില്‍
മാറുന്നത് ഞാന്‍ കണ്ടു.
ഒടുവില്‍ അവളുടെ നേര്‍ത്ത ഞരങ്ങലുകള്‍
മാത്രം ബാക്കി..
വീണ്ടും അവന്‍ അവളെ പുല്‍കി തളര്‍ത്തി...
അവന്റെ കര വലയത്തില്‍ പെട്ട് അവള്‍ ഞെരിഞ്ഞമര്‍ന്നു.
ചുടു ചുംബനത്താല്‍ അവള്‍ വിളറി വെളുത്തു.
ഞാന്‍ നോക്കി നില്‍ക്കെ അവന്‍ അവളെ എങ്ങോട്ടോ കൊണ്ട് പോയി..
നാണമില്ലാത്ത ആ കാറ്റിനെ ഞാന്‍ ശപിച

ചുവടു മാറ്റട്ടെ!

തെളിഞ്ഞ ആകാശവും പൊഴിഞ്ഞ മകരമഞ്ഞും മറഞ്ഞു...
ഇനി ഇരുണ്ട മാനത്ത് കരി മേഘക്കൂട്ടത്തിന് താഴെ
മിന്നല്‍ പിണരുകള്‍ ഭൂമിയെ
ആവേശത്തോടെ പുല്‍കുന്ന വര്‍ഷ കാല സന്ധ്യകള്‍.
പ്രണയങ്ങള്‍ പൂത്തതും തളിര്‍ത്തതും പേമാരിയില്‍ ജീവിത സത്യത്തിനു മുകളിലേക് കടപുഴകി.
രാത്രി മഴത്തുള്ളികളാല്‍ താരാട്ട് പോഴിച്ചിട്ടും കുളിര് വാരി പുണര്ന്നിട്ടും നിദ്ര കനിഞ്ഞില്ല.. 
അസത്യങ്ങളില്‍ സത്യത്തിന്‍റെ കാഹളങ്ങള്‍ കേള്‍ക്കുന്നുവോ? 
ഇനി ഒരു ഇടവേള അനിവാര്യമാണ്..
കൂടുതല്‍ ശക്തി യോടെ  തിരിച്ചു വരാന്‍...
ഞാനും എന്‍റെ അക്ഷര ക്കൂട്ടങ്ങളും പുസ്തക താളുകളില്‍ നിന്നും അനന്തമായ ഈ ലോകത്തിലേക്ക്‌ 
ചുവടു മാറ്റട്ടെ!